ഖുനൂത്ത്

1) ഇബ്നു അബ്ബാസ്(റ) നിവേദനം ചെയ്തു: അല്ലാഹുവിന്റെ ദൂതന്‍(സ) ഒരുമാസം തുടര്‍ച്ചയായി ളുഹ്ര്‍, അസര്‍, മഗ്രിബ്, ഇഷാ, ഫജര്‍ നമസ്ക്കാരങ്ങളില്‍ ഖൂനൂത്ത് ഓതി. അവിടുന്ന് (ഇപ്രകാരം) അവസാന റകഅത്തില്‍, അല്ലാഹു തന്നെ സ്തുതിക്കുന്നവരെ കേള്‍ക്കുന്നു. എന്ന് പറഞ്ഞപ്പോള്‍, ബനൂസുലൈം, റിഅ്ല്‍, സക്വാന്‍ ഉസയ്യ, എന്നീ ഗോത്രക്കാര്‍ക്കു എതിരായിപ്രാര്‍ത്ഥിക്കയും അവിടുത്തെ പിന്നില്‍ നിന്നവര്‍ ആമീന്‍ പറയുകയും ചെയ്തു. (അബൂദാവൂദ്)

2) അനസ്(റ) നിവേദനം ചെയ്തു; പ്രവാചകന്‍(സ) ഒരുമാസം ഖൂനൂത്ത് ഓതുകയും പിന്നീട് അതുപേക്ഷിക്കയും ചെയ്തു. (അബൂദാവൂദ്)

3) അബുമാലിക്ക് അല്‍ അഷ്ജഇ(റ) നിവേദനം ചെയ്തു: ഞാന്‍ പിതാവിനോടു ചോദിച്ചു. അല്ലയോപിതാവേ, അങ്ങ് അല്ലാഹുവിന്റെ ദൂത(സ)ന്റേയും അബൂബക്കറിന്റേയും ഉമറിന്റേയും ഉസ്മാന്റേയും അലിയുടേയും പിന്നിലും കൂഫായില്‍ ഇതപര്യന്തം ഏതാണ്ടു അഞ്ചുകൊല്ലവും നമസ്കരിക്കയുണ്ടായല്ലോ. അവര്‍ ഖുനൂത്ത് ഓതിയോ? അദ്ദേഹം പറഞ്ഞു. എന്റെ കുഞ്ഞേ, അത് നൂതനം ആണ്. (തിര്‍മിദി, ഇബ്നുമാജാ)

4) ഹസന്‍(റ) നിവേദനം ചെയ്തു. ഉമര്‍ ഇബ്നുല്‍ ഖത്താബ് ജനങ്ങളെ ഉബയ്യിബ്നു കഅ്ബിന്റെ കീഴില്‍ സംഘടിപ്പിക്കയും അദ്ദേഹം അവസാന പകുതിയൊഴിച്ചു ഖുനൂത്ത് ഓതാതെ ഇരുപതു ദിവസം അവര്‍ക്കു ഇമാമായി നമസ്ക്കരിക്കയും ചെയ്തു. അവസാനത്തെ പത്ത് ദിവസം വന്നപ്പോള്‍, അദ്ദേഹം പോയില്ല. വീട്ടില്‍ വച്ച് നമസ്കരിച്ചു. അതിനാല്‍ അവര്‍ പറഞ്ഞു. ഉബെയ്യ് ഓടിക്കളഞ്ഞു എന്ന്. (അബൂദാവൂദ്)

5) അനസ് ഇബ്നുമാലിക്കി(റ)നോട് ഖുനൂത്തിനെക്കുറിച്ചു ചോദിച്ചു. അദ്ദേഹം പറഞ്ഞു: ദൈവദൂതന്‍(സ) കുനിഞ്ഞതിനുശേഷം ഖുനൂത്തു ഓതി മറ്റൊരു നിവേദനത്തില്‍ കുമ്പിടുന്നതിനു മുമ്പും അതിന് ശേഷവും. (ഇബ്നുമാജാ)